Tuesday, October 5, 2010

ശരാശരി

ഇന്നെന്റെ ബ്ലോഗ് മുറ്റത്തും വസന്തം വന്നല്ലോ. ഒരു നുറുങ്ങും പിന്നെ ജുഹൈന എന്ന അത്ഭുതക്കുട്ടിയും. സുസ്വാഗതം. എത്രയെത്ര പ്രതിഭകളാണ് പുഷ് ബട്ടണ്‍ പബ്ലിഷിങ്ങ് നഭസ്സില്‍ ശോഭിക്കുന്നത്. എന്തരോ മഹാനുഭാവുലു, അന്തരിക്കേ വന്ദനാലു.... എത്ര പ്രതിഭകളുണ്ടോ അത്ര പേര്‍ക്കും എന്റെ വന്ദനങ്ങള്‍. ഉള്ളിലെ അജിത്തെന്നോട് ചോദിക്കുന്നു നിനക്കെന്താണിവിടെ കാര്യം? എബൌ ആവറേജ് എന്നു പറയാന്‍ നിനക്കെന്തുണ്ട്? ഒരു കാര്യം മാത്രം... ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു പ്രാര്‍ഥിക്കുന്ന ഒരു ഹ്രുദയം. ഇനി ഇന്നു വന്ന വിഷയം പറയാം. ചില ഇത്തിരിക്കുഞ്ഞന്‍ വാര്‍ത്തകള്‍ മനംകുളിര്‍പ്പിക്കുന്നവയാണ്. ഇവിടെ ഒരു പുഴ പുനര്‍ജനിക്കുന്ന വാര്‍ത്തയാണ്. എറണാകുളം ജില്ലയിലെ തലയോലപ്പറമ്പ് എന്ന സ്ഥലത്ത് ഒരു പുഴ. ഒരു ശരീരത്തില്‍ ഞരമ്പുകള്‍ എന്ന് പോലെയല്ലെ ഒരു ദേശത്തിന് പുഴകള്‍? അവ വറ്റിപ്പോയാല്‍ ദേശം മരിക്കുകയല്ലെ? ഇവിടെയിതാ മലീമസമായ ഒരു ഞരമ്പാണ് ജീവസ്സുറ്റതാകുന്നത്. ഏത് നാട്ടിലും പുഴകളെ എത്ര സീരിയസ്സായിട്ടാണ് സംരക്ഷിക്കുന്നത്, എന്നാല്‍ പുഴയിലേക്ക് തിരിഞ്ഞിരുന്ന് വിസര്‍ജിക്കുന്നത് ഇന്‍ഡ്യയില്‍ മാത്രമെ കാണുകയുള്ളു. പുഴകളെ കൊന്നു മണല്‍ വാരുന്നത് കേരളത്തില്‍ മാത്രവും. അതിനിടക്ക് ഇതു പോലുള്ള വാര്‍ത്തകള്‍ തീര്‍ച്ചയായും ഒരു കുളിര്‍മ്മ തരും. കുറുന്തറപ്പുഴക്കും പഞ്ചായത്തിനും ഭാവുകങ്ങള്‍. മുഖ്യധാരാപത്രങ്ങളൊക്കെ ഇത്തരം വാര്‍ത്തകളെ അവഗണിക്കുമ്പോള്‍ “മാധ്യമം” ഇവയൊക്കെ ജനങ്ങളിലേക്കെത്തിക്കുന്നതിന് ഈ പത്രത്തിനും ഭാവുകങ്ങള്‍.